ന്യൂഡല്‍ഹി: ആരോഗ്യസേതു ആപിലെ വിവരചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേരുടെയും ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തെ രണ്ട് പേരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്ത്യന്‍ പാര്‍ലമന്റെിലെ ഒരാള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് പേര്‍ക്കും രോഗബാധയുണ്ടെന്നും എലിയട്ട് ആള്‍ഡേഴ്‌സണ്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഹാക്കര്‍ അവകാശപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.
ആരോഗ്യസേതു സുരക്ഷിതമല്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നതാണ് വസ്തുതയെന്നുമുള്ള വെളിപ്പെടുത്തലുമായാണ് ഫ്രഞ്ച് ഹാക്കര്‍ ഇന്ന് രംഗത്തെത്തിയത്. എന്നാല്‍, ആരോഗ്യസേതു ആപുമായി ബന്ധപ്പെട്ട് ചില പോരായ്മകള്‍ ഉണ്ടെന്ന് സമ്മതിച്ച ബന്ധപ്പെട്ടവര്‍ ഒരാളുടെയും വ്യക്തിപരമായ വിവരങ്ങളൊന്നും അപകടത്തിലല്ലെന്ന് അവകാശപ്പെട്ടു.
നേരത്തെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന അവകാശവാദവുമായി ആന്‍ഡേഴ്‌സന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമായ ആരോഗ്യ സേതു ആപിനെതിരെയും മുന്നറിയിപ്പ്.
Content Highlight: French hacker leaving more evidence on information leakage over Arogya Setu App