ന്യൂഡല്‍ഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിച്ച് ഐസിഎംആര്‍. ‘കൊവിഡ് 19 പ്രതിരോധത്തിനാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റ് വിഷയങ്ങളില്‍ സമയം പാഴാക്കാന്‍ ആഗ്രഹമില്ല’-എന്നാണ് ഐസിഎംആര്‍ മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
‘അതുല്യ ഗംഗ’ എന്ന സന്നദ്ധ സംഘടനയാണ് ഗംഗാജലത്തിന്റെ കഴിവ് സംബന്ധിച്ച അവകാശവാദവുമായി രംഗത്തുവന്നത്. കൂടുതല്‍ ഗവേഷണം ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ഇവര്‍ കേന്ദ്ര ജല മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിക്കുകയായിരുന്നു. മന്ത്രാലയം ഏപ്രില്‍ 30നാണ് ഇക്കാര്യമുന്നയിച്ച് ഐസിഎംആറിന് കത്തെഴുതിയത്.
ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ കഴിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നായിരുന്നു അതുല്യ ഗംഗ അവകാശപ്പെട്ടത്. ഐഐടി റൂര്‍ക്കി, ഐഐടി കാണ്‍പുര്‍, സിഎസ്ഐആര്‍, ഐഐടിആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇവര്‍ പറയുന്നു. ഏപ്രില്‍ 24ന് ശാസ്ത്രജ്ഞരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നതായി ‘അതുല്യ ഗംഗ’ അംഗം കേണല്‍ മനോജ് കിശ്വര്‍ പറഞ്ഞു. ഗംഗ ജലത്തില്‍ അടങ്ങിയിരിക്കുന്ന, കൊവിഡിനെ നേരിടാന്‍ സഹായകമായ മൂലകങ്ങളെ തിരിച്ചറിയാന്‍ ഐസിഎംആറിനെ ചുമതലപ്പെടുത്തണമെന്ന് സിഎസ്ഐആര്‍ ശാസ്ത്രജ്ഞരാണ് നിര്‍ദ്ദേശിച്ചതെന്നും കിശ്വര്‍ പറഞ്ഞു.
അതേസമയം, ഇത്തരം ഗവേഷണങ്ങള്‍ക്കായി ജല്‍ ശക്തി മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ച കാര്യം ഐസിഎംആര്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിദഗ്ധര്‍ യോഗം ചേര്‍ന്നുവെങ്കിലും ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്‍ജിഒ ഇടപെട്ട് ഏതെങ്കിലും ആശുപത്രിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നുണ്ടെങ്കില്‍ സഹായം ഏര്‍പ്പാടാക്കാമെന്ന് ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു.
ഗംഗയിലെ വെള്ളത്തില്‍ കാണപ്പെടുന്ന വൈറസിന് കൊവിഡിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദത്തില്‍ യുക്തിയില്ലെന്നും കൊവിഡ് ചികിത്സയ്ക്കുള്ള പരീക്ഷണമായിട്ടാണ് ഇപ്പോഴും പ്ലാസ്മ തെറാപ്പിയെ പരിഗണിക്കുന്നതെന്നും ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍, കോവിഡ് 19 രോഗികള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതാണ് മുഖ്യം. ഇതിന് വാക്സിന് വികസിപ്പിക്കുന്നതിലാണ് ശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരികേണ്ടേത്- ലഖ്നൗവിലെ സിഎസ്ഐആര്‍നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന് പ്രഫ. യുഎന്‍ റായ് വ്യക്തമാക്കി.
Content Highlight: ICMR oppose the request to test Holy water from Ganges can defend Covid Virus