ജൂണ്‍, ജൂലായ് മാസങ്ങള്‍ കൊവിഡിന് നിര്‍ണായകം; ലോക്ക്ഡൗണ്‍ നീട്ടണമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കൊവിഡ് തീവ്രതയിലെത്തുമെന്നും ലോക്ഡൗണ്‍ നീട്ടണമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുന്‍പുള്ളതിനേക്കാള്‍ ഏറെ ആളുകളെ ഇപ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. ഇതില്‍ 4 മുതല്‍ 4.5 ശതമാനം വരെ ജനങ്ങള്‍ക്ക് രോഗം പോസിറ്റീവ് ആകുന്നുണ്ട്.

രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കണം. റെഡ്സോണുകളിലും ഹോട്ട്‌സ്പോട്ടുകളിലും ശരിയായ പ്രവര്‍ത്തനം വേണം. ആളുകള്‍ കൂടിച്ചേരുന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളെ കൂടുതല്‍ ശ്രദ്ധിക്കണം. ഹോട്ട്‌സ്പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാദ്ധ്യത ഇവിടെയാണെന്നും എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Covid cases likely in its peak during June, July, says AIMS Director