മാലദ്വീപിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് റജിസ്റ്റർ ചെയ്തിരിക്കുന്നത് 732 പേർ. ഇതിൽ 14 കുട്ടികളും 19 ഗർഭിണികളുമുണ്ട്. ഇവരെ കപ്പലിൽ കയറ്റുന്നതിന് മുൻപുള്ള പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. മാലി വിമാനത്താവളത്തിലാണ് പരിശോധനകൾ നടക്കുന്നത്. കൊവിഡ് 19 ബാധിതനാണോ എന്നറിയാൻ ദ്രുത പരിശോധനയാണ് നടക്കുന്നത്. കപ്പൽ ഞായറാഴ്ച രാവിലെയോടെ കൊച്ചി തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാരിൻ്റെ ഓപ്പറേഷൻ സമുദ്രസേതുവിൻ്റെ ഭാഗമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നത്. പതിമൂന്നോളം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ദൗത്യം നാവികസേന ഏറ്റെടുത്ത് നടത്തുന്നതാണ് സമുദ്രസേതു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഐഎൻഎസ് ജലാശ്വ മാലദ്വീപിലേക്ക് പുറപ്പെട്ടത്. ഐഎൻഎസ് ജലാശ്വയ്ക്ക് പുറമെ ഐഎൻഎസ് മഗർ എന്ന കപ്പലും മാലിയിൽ നിന്ന് ഇന്ത്യക്കാരുമായി എത്തും.
നാവികസേനയുടെ കപ്പലില്‍ എത്തുന്ന യാത്രക്കാരുടെ പരിശോധനകള്‍ക്കായി കൊച്ചിയിൽ പോര്‍ട്ട് ട്രസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇവരെ ക്വാറൻ്റീൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാന്‍ 30 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടം എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇവരെ ക്വാറൻ്റീൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.
content highlights: Operation Samudra Setu underway




