തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിനെതിരെ പ്രതിഷേധം; സമരം ചെയ്ത സി.പി.ഐ.എം വനിതാ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം

protest against the opening of liquor shops in Tamilnadu

തമിഴ്‌നാട്ടില്‍ മദ്യവില്‍പന ശാലകള്‍ തുറന്നതിനെതിരെ വ്യാപക പ്രതിഷേധം നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മധുരയിലും കടലൂരും പൊലീസ് ലാത്തി വീശി. സി.പി.ഐ.എം വനിതാ പ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

മധുരയിലാണ് മദ്യശാലകള്‍ തുറക്കുന്നതില്‍ പ്രതിഷേധിച്ച് നൂറിലധികം വനിതാ പ്രവര്‍ത്തകർ തെരുവില്‍ പ്രകടനം നടത്തിയത്. പൊതുജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. തുടർന്ന് പ്രകടനം നടത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റമാണ് ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചത്. പിന്നീട് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതോടെ മദ്യക്കടകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപെടുന്നത്. ഒറ്റദിവസം കൊണ്ടു 170 കോടിയുടെ 20 ലക്ഷം ലിറ്റര്‍ മദ്യമാണ് തമിഴ്നാട്ടിലാകെ വിറ്റു പോയത്. ഏറ്റവുമധികം വില്‍പന നടന്ന മധുരയിൽ മാത്രം 46.78 കോടിയുടെ വില്‍പനയാണ് കഴിഞ്ഞ ദിവസം നടന്നത്.

content highlights: protest against the opening of liquor shops in Tamilnadu