കൊറോണക്ക് സമാനമായ രോഗം കണ്ടെത്തി ന്യൂയോര്‍ക്ക് ആരോഗ്യ വിഭാഗം; മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ന്യൂയോര്‍ക്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികളാണ് മരിച്ചത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയാണ് ഇക്കാര്യം അറിയിച്ചത്.

ഈ അസുഖത്തെ ‘ഒരു പുതിയ രോഗം’ എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നതാണ് പുതിയ രോഗം.

കൊവിഡ്19 ന്റെ സാധാരണ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന കുട്ടികളില്‍, പിന്നീട് നടത്തിയ പരിശോധനകളില്‍ കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കൂടാതെ, കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യവും കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍നിന്ന് വ്യത്യസ്തമായി പ്രായം കുറഞ്ഞവരെയും കൊവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മൂന്നു മരണങ്ങളും സൂചിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlight: New York reports kind of new disease similar to Covid 19