കേരളത്തിലേക്ക് വരാനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കുകയാണ് വേണ്ടത്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്കും പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.
കേരളത്തിലിറങ്ങുന്ന റെയിൽവേ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റീനിൽ പ്രവേശിക്കണം. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും. റെയിൽവേ സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. റെയില്‍വെ സ്റ്റേഷനില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റീനിൽ പോകേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി
content highlights: Pass mandatory for people coming by train from other states