‘ഇത് മാനുഷിക ദുരന്തം, ഇനിയും എത്ര ജീവനുകള്‍ പൊലിയണം?’ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലോക്ക്ഡൗണില്‍ സ്വദേശങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേതു ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലാളികള്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.

കുടിയേറ്റ തൊഴിലാളികള്‍ക്കു ഭക്ഷണം ഉറപ്പാക്കണം. ടോള്‍ഗേറ്റുകളില്‍ കൃത്യമായ സംവിധാനം ഒരുക്കണം. സംസ്ഥാന സര്‍ക്കാരുകളാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം. ഈ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം കാര്യക്ഷമമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടികളെയും കോടതി വിമര്‍ശിച്ചു.

അതിഥി തൊഴിലാളികള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പോകുന്നതു കാണുന്നതു ദുഃഖകരമാണ്. യാത്രയ്ക്കിടെ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിഥിതൊഴിലാളികളുടെ ദുരിതം കണ്ടവര്‍ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനാകുന്നില്ല. ഇനിയും എത്ര ജീവനുകള്‍ പൊലിയണം. സംഭവിക്കുന്നത് മാനുഷിക ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പട്ടിക ഹാജരാക്കാനും മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Madras High Court on migrant workers crisis