ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന്; ബിസിനസ് രംഗത്ത് ഇളവുകള്‍ പ്രതീക്ഷിച്ച് രാജ്യം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തും. ടൂറിസമടക്കം സേവനമേഖലയിലും വന്‍കിട ബിസിനസ് രംഗത്തും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം ഘട്ട പ്രഖ്യാപനത്തില്‍ സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന്് ധനമന്ത്രി പറഞ്ഞു. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണമെന്നും ചൂണ്ടികാട്ടിയിരുന്നു.

കൂടാതെ, കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികളും നിര്‍മ്മല സീതാരമന്‍ അവതരിപ്പിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ഇന്ത്യയില്‍ വ്യോമ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരം നടത്തുമെന്നും ഇന്നലെ അറിയിച്ചിരുന്നു.

Content Highlight: Last phase of economic package will announce today