സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണം ശനിയാഴ്ച്ചയോടെയെന്ന് റിപ്പോര്‍ട്ട്; ‘ബെവ് ക്യൂ ആപ്പ്’ തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ചയോടെ ഓണ്‍ലൈന്‍ മദ്യ വിതരണം നടത്താനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബെവ്‌കോയുമായി ബാറുകള്‍ ഉണ്ടാക്കേണ്ട കരാറുകള്‍ വൈകുന്നതിനാലാണ് താമസം. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സാധ്യമാക്കാന്‍ നിര്‍മിച്ച ‘ബെവ് ക്യൂ’ ആപ്പിന്റെ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ വില്‍പ്പന ആരംഭിക്കാനായിരുന്നു ആദ്യ നിര്‍ദ്ദേശം.

ബെവ്‌കോയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ആപ്പ് പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമായി തുടങ്ങും. ബാറുകള്‍ ബെവ്കോയുമായി കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്. ഒന്‍പത് വ്യവസ്ഥകളാണ് ഈ കരാറിലുള്ളത്. ഓരോ ഇ-ടോക്കണും 50 പൈസ വീതം വെബ്കോയ്ക്ക് നല്‍കണം എന്നും വ്യവസ്ഥയുണ്ട്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിയ്ക്കുള്ളതാണെന്നാണ് ബെവ്കോ പറയുന്നത്. ഇത് തുടക്കത്തില്‍ ബെവ്കോ കമ്പനിക്ക് നല്‍കും. പിന്നീട് ബാറുടമകളില്‍നിന്ന് ഈടാക്കും. തിരക്ക് ഒഴിവാക്കുന്നതിനാണ് ബെവ്കോയ്‌ക്കൊപ്പം ബാറുകള്‍ വഴിയും മദ്യം പാഴ്സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ബാറുകളുമായി കരാറില്‍ ഒപ്പിട്ടതിനു ശേഷം മാത്രമേ മദ്യവില്‍പന ആരംഭിക്കൂ.

കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശത്തെ ബെവ് ക്യൂ വഴി സാധ്യമാക്കാനാകും. വിര്‍ച്ച്വല്‍ ക്യൂ സംവിധാനമായതിനാല്‍ തങ്ങള്‍ക്ക് അനുവദിക്കുന്ന സമയത്ത് മാത്രമേ ഉപഭോക്താവിന് ബാറില്‍ എത്തേണ്ടതുള്ളു. അതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ച തിക്കും തിരക്കും ഒഴിവാക്കാനും സാധിക്കും.

Content Highlight: Bevco outlets open from Saturday in Kerala through ‘Bev Q’