ഉപാധികളോടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി. ഉപാധികളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല, പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങും സാനിറ്റൈസര്‍, മാസ്‌ക് എന്നിവയും നിര്‍ബന്ധമാണ്. പരീക്ഷാ ആവശ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ബസ് സര്‍വീസ് നടത്താം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടേയും അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലാ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്ത് അയച്ചു. പരീക്ഷ നടത്തിപ്പിനുള്ള തീയതി സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം പരീക്ഷ.

Content Highlight: Central Government approved to conduct SSLC, Plus Two exam