മഹാരാഷ്ട്രയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ ഏറ്റെടുത്ത് സർക്കാർ. ഓഗസ്റ്റ് 31 വരെ ഈ കിടക്കകൾ സർക്കാരിൻ്റെ കൈവശമായിരിക്കും. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ഇറക്കി. ഉത്തരവു പ്രകാരം സ്വകാര്യ ആശുപത്രിയിലെ കിടക്കകൾ എങ്ങനെ ഉപയോഗിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാം. ഇവിടുത്തെ ചികിത്സയുടെ ചെലവും രോഗികൾക്ക് പരമാവധി എത്ര രൂപയുടെ ബിൽ നൽകാനാകുമെന്നതും സർക്കാരാണ് തീരുമാനിക്കുക. ബാക്കി 20% കിടക്കകളിൽ എത്ര രൂപ ബിൽ ചെയ്യണമെന്നത് ആശുപത്രികൾക്കു തീരുമാനിക്കാം.
മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ 40,000നു മുകളിലെത്തിയതോടെയാണ് അതീവ ഗുരുതര സാഹചര്യത്തെ നേരിടാൻ സർക്കാർ സ്വകാര്യ ആശുപത്രികൾ കൂടി ഏറ്റെടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 2,345 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നു. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1,454 ആയി.
content highlights: Maharashtra Takes Control Of 80% Of Private Hospital Beds, Caps Rates