ന്യൂഡല്‍ഹി: മലയാളി നഴ്‌സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തുകയോ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെന്നും അഖില്‍ പറഞ്ഞു.
ഉപയോഗിച്ചതും ഗുണനിലവാരം ഇല്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ചു. വേണ്ടത്ര അണുനശീകരണം നടത്തിയില്ല, പഴകിയതും കീറിയതുമായ മാസ്‌കുള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങിയതായും അഖില്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം മുമ്പാണ് പത്തനംതിട്ട വള്ളിക്കോട് -കോട്ടയം പാറയില്‍ പുത്തന്‍വീട്ടില്‍ അംബിക സനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 48 വയസായിരുന്നു. ഡല്‍ഹി രജൗരി ഗാര്‍ഡന്‍ കല്‍റ ആശുപത്രിയിലെ നഴ്‌സായിരുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹി രജൗരി ഗാര്‍ഡന്‍ ശിവാജി എന്‍ക്ലേവ് ഡി.ഡി.എ 63 എയിലാണ് ഇവര്‍ താമസിച്ചിരുന്നത്. 22നാണ് കടുത്ത ചുമയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അംബിക കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.
Content Highlight: Malayalee nurse dies in Delhi Son accused of hospital negligence