ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍; മദ്യവില്‍പന കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച് പ്ലേ സ്‌റ്റോറില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

ക്വാറന്റൈന്‍ ലംഘിച്ച ആറ് പേര്‍ക്കെതിരേ ഇന്ന് സംസ്ഥാനത്ത് കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 3251 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: 2.5 Lakh consumers used Bev Q app with virtual queue