അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം നിസർഗ ചൂഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചു. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് അതിശക്തമായ കടൽ ക്ഷോഭമാണ് അനുഭവപെട്ടത്. മുംബൈയിൽ ശക്തമായ കാറ്റാണ് അനുഭവപെടുന്നത്. മുംബൈക്ക് 100 കിലോമീറ്റർ അകലെ അലിബാഗിലാണ് നിസർഗ തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
മൂന്ന് മണിക്കൂറോളം കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടാഴ്ചക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽ കരയിലേക്ക് കയറാനും നഗരത്തിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്നുമാണ് കണക്കാക്കുന്നത്.
മുൻ കരുതലിൻ്റെ ഭാഗമായി ബാന്ദ്ര കുർള കോപ്ലക്സിലെ താൽക്കാലിക കൊവിഡ് ആശുപത്രിയില്‍ നിന്ന് 250 രോഗികളെ വര്‍ളി സ്പോര്‍ട്സ് ക്ലബ്ബിലെ കൊവിഡ് സെൻ്ററിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി 16 യൂണിറ്റ് ദുരന്തനിവാരണ സേനയെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Content Highlights; cyclone nisarga landfall begins in mumbai and maharashtra