ന്യൂഡല്‍ഹി: ബിജെപി നേതാവും, മൃഗ സംരക്ഷകയുമായ മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് ഹാക്ക് അക്കൗണ്ട് ചെയ്തതായി റിപ്പോര്‍ട്ട്. പാലക്കാട് സൈലന്റ്‌വാലിയില്‍ പൈനാപ്പിളില്‍ നിറച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചരിയാനിടയായ സംഭവത്തെ വിമര്‍ശിച്ച് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത് മലപ്പുറം അതിര്‍ത്തിയിലായതിനാല്‍ മുസ്ലീമുകളാണ് ഇത്തരം പ്രവര്‍ത്തി നടത്തിയതെന്ന വിദ്വേഷ പ്രചാരണം അഴിച്ചു വിട്ടതിനെത്തുടര്‍ന്നാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഇവരുടെ സൈറ്റ് ഹാക്ക് ചെയ്തത്.
സംഭവം പാലക്കാട് തന്നെയാണെന്ന് തെളിയിക്കുന്ന ഗൂഗിള്‍ മാപ്പ് ചിത്രത്തിനൊപ്പം, നിങ്ങളുടെ മൃഗസ്‌നേഹം മുസ്ലീം വിരോധത്തിന്റെ മുഖംമൂടിയാമെന്നും ഇത്തരം വ്യാജ പ്രചാരണം രാജ്യത്തിന്‍ തന്നെ ഭീക്ഷണിയാണെന്നും സൈറ്റില്‍ എഴുതിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചതിനെതിരെ മനേക ഗാന്ധിക്ക് മുസ്ലീംലീഗ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത് തേങ്ങയിലാണെന്ന് അറസ്റ്റിലായ ടാപ്പിംങ് തൊഴിലാളി പറഞ്ഞു. ഇയാള്‍ മൂന്നാം പ്രതിയാണ്. തോട്ടം ഉടമക്കും മകനും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Content Highlight: Maneka Gandhi’s People for Animals account hacked by Kerala Cyber Warriors