ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി ലഭിച്ചതോടെ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി കേരളം. ശബരിമലയിലെ പോലെ വെർച്വൽ ക്യൂ സംവിധാനം ഗുരുവായൂരിലും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ അറിയിച്ചത്. എട്ടാം തീയതി അണുവിമുക്തമാക്കുന്ന പ്രവർത്തികൾക്ക് ശേഷം 9ന് ആരാധനാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാ കൊവിഡ് നിർദ്ദേശങ്ങളും പാലിക്കാൻ ഭക്തർ തയ്യാറാവണമെന്നും മന്ത്രി അറിയിച്ചു.
ഓൺലെെൻ റജിസ്ട്രേഷൻ നടത്തുന്നവരെ മാത്രമെ ഗുരൂവായൂർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 600 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഒരു മണിക്കൂറിൽ 150 പേർക്ക് പ്രവേശിക്കാം. ബാച്ചാക്കി ദർശനം നടത്താം. ഓരോ ബാച്ചിലും 50 പേർ വീതം അനുവദിക്കും. ശബരിമലയിൽ മിഥുനമാസത്തെ മാസപൂജ 14 മുതൽ 28 വരെ നടക്കുന്നതിനാൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയിലും ഓൺലെെൻ റജിസ്ട്രേഷൻ നടത്തുന്നവരെ അനുവദിക്കുകയുള്ളു. മണിക്കൂറിൽ 200 പേർക്ക് പ്രവേശനം അനുവദിക്കും. 50 പേരെ മാത്രമേ ഒരു സമയത്ത് ക്ഷേത്ര മുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. 65 വയസിന് മുകളിൽ ഉള്ളവരെയും 10 വയസിനു താഴെയുള്ളവരെയും രജിസ്ട്രേഷൻ സമയത്ത് തന്നെ അവസരം നിഷേധിക്കും. ശബരിമലയിൽ താമസ സൗകര്യം ഉണ്ടാവുകയില്ല.
മാസപൂജയും ഉത്സവും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടത്തുക. അപ്പവും അരവണയും കൗണ്ടര് വഴി നൽകില്ല. ക്ഷേത്രങ്ങളിൽ പോകുന്നതിനുള്ള പ്രായപരിതി പൂജാരിമാർക്ക് ബാധകമല്ല. ഇതര സംസ്ഥാനത്തുള്ളവർക്കും റജിസ്റ്റർ ചെയ്താൽ ദർശനം അനുവദിക്കും. എന്നാൽ ഇവർ ഐസിഎംആറിൻ്റെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തിരിക്കണം. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പമ്പ വരെ യാത്രാ അനുമതി ഉണ്ട്.
Content highlights: special guidelines for Sabarimala temple reopening








