പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ അമേരിക്കയെ മറികടന്ന് കൊവിഡ് രോഗികള്‍ കാണുമെന്നും ട്രംപ് പറഞ്ഞു.അമേരിക്ക ഇതേവരെ 20 ദശലക്ഷം സാംപിളുകള്‍ പരിശോധിച്ച് കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതു കൊണ്ടാണ് അമേരിക്കയില്‍ കേസുകള്‍ കൂടുന്നതെന്നാണ് ട്രംപിന്റെ അവകാശ വാദം. അമേരിക്കയുടെ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോള്‍, ജര്‍മനി 4 ദശലക്ഷവും, ഉത്തര കൊറിയ മൂന്ന് ദശലക്ഷം പരിശോധനകള്‍ മാത്രമാണ് നടത്തിയിരിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം, ഇന്ത്യ ഇതു വരെ നാല് ദശലക്ഷം പരിശോധനകള്‍ നടത്തി കഴിഞ്ഞു. കൊവിഡ് വന്നത് ചൈനയില്‍ നിന്നാണെന്നും, ചൈനക്ക് അതു പുറത്ത് വിടാതെ തടയാനാകുമായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദേശീയ വ്യാവസായിക പടയൊരുക്കമാണിതെന്ന് കൊവിഡിനെതിരായ പോരാട്ടത്തെ ട്രംപ് വിശേഷിപ്പിച്ചു. ”അദൃശ്യനായ ശത്രുവിനെ” പരാജയപ്പെടുത്താന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും യുഎസ് വ്യവസായത്തിന്റെയും മുഴുവന്‍ അധികാരവും തന്റെ ഭരണകൂടം അമിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. മരണ നിരക്കും കൂടിയ എണ്ണം അമേരിക്കയിലാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം, 1.9 ദശലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,09,000 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 2,36,657 ആണ്. 6,642 മരണമാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 84,177 കേസുകള്‍ മാത്രമാണ് സ്ഥിരീകിച്ചത്. 4,638 മരണം മാത്രമേ സംഭവിച്ചുള്ളു. മാസങ്ങള്‍ക്കുള്ളില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ചൈനക്ക് സാധിച്ചിരുന്നു.

Content Highlight: India and China overcomes US if more Covid tests conducted, Donald Trump