കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും കർശന മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപെട്ടാൽ അവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും സ്ഥാപന മേധാവികൾ അത് ഉറപ്പു വരുത്തണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. സമ്പർക്ക വിലക്കിൽ കഴിയുന്ന ജീവനക്കാർ സർക്കാർ നിർദേശങ്ങൾ കൃത്യമായും പാലിക്കണമെന്നും ജീവനക്കാർ നിരീക്ഷണത്തിൽ പോകുന്ന കാലയളവ് കൃത്യമായി പാലിക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കി. അതേ സമയം കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരോട് സമ്പർക്കത്തിൽ വന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ കെപി റീത്തയ്ക്ക് വൈറസ് ബാധയില്ലെന്ന് അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്ന വരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം.
Content Highlights; kerala health department provide instructions for health workers