ക്ഷേത്രങ്ങൾ തുറന്നു കൊടുക്കണമെന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

do not open temples for devotees says kerala kshetra samrakshana samithi

ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറന്നു കൊടുത്താൽ രോഗ പ്രതിരോധത്തിനായി ഇതുവരെ ആരോഗ്യ പ്രവർത്തകർ നടത്തിയ ശ്രമം വിഫലമാകുമെന്നും സമിതി അറിയിച്ചു.

ഇപ്പോൾ ക്ഷേത്രങ്ങളിൽ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുമെന്നും ഗുരുവായൂർ, ശബരിമല പോലുള്ള മഹാക്ഷേത്രങ്ങൾ ഈ അവസരത്തിൽ ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാൻ ദേവസ്വം ബോർഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ നാരായണൻകുട്ടി ആവശ്യപെട്ടു. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് ഇപ്പോഴത്തേതു പോലെ തന്നെ ഈശ്വരാരാധന നടത്താമെന്നും വ്യക്തമാക്കി.

ഹിന്ദു സമൂഹവും, ദേവസ്വവും, സർക്കാരും ചേർന്ന് ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്കും ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലാതാക്കാനുമായി ഒരു ക്ഷേമനിധി ഏർപെടുത്തുകയാണ് ഇപ്പോൾ വേണ്ടതെന്നും ക്ഷേത്രങ്ങളിൽ സംഭരിച്ചിട്ടുള്ള ഭക്തൻമാരുടെ കാണിക്ക ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് ചിലവഴിക്കാതെ ക്ഷേത്രങ്ങൾക്കും ക്ഷേത്ര ജീവനക്കാരുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയും പ്രയോജനപെടുത്തണമെന്നും അദ്ധേഹം വ്യക്തമാക്കി.

Content Highlights; do not open temples for devotees says kerala kshetra samrakshana samithi