ഹെെദരാബാദിൽ രണ്ടാഴ്ചക്കുള്ളിൽ 79 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നിംസ് റെസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം നിംസ് മെഡിസിറ്റിയിലെ 4 ഡോക്ടർമാർക്കും 3 പാരാമെഡിക്കൽ ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒസ്മാനിയ മെഡിക്കൽ കോളേജിലെ 49 ഡോക്ടർമാർക്കും നിംസിലെ 24 ഡോക്ടർമാർക്കും ഗാന്ധി മെഡിക്കൽ കോളേജിലെ 4 ഡോക്ടർമാർക്കുമാണ് രണ്ടാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ നിരവധി ലാബ് ടെക്നീഷ്യൻസിനും നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ നിരവധി ഡോക്ടമാർക്ക് രോഗം സ്ഥിരീകരിച്ചതായും അവർ ജോലി ചെയ്യുന്ന ആശുപത്രികളിൽ തന്നെ ചികിത്സ തേടിയതായും നിംസ് റെസിഡൻ്റ് ഡോക്ടേഴ്സ് ആസോസിയേഷൻ പ്രസിഡൻ്റ് ജി. ശ്രീനിവാസ് പറഞ്ഞു.
ഗവൺമെൻ്റ് ആശുപത്രികളിലെ ഡോക്ടർമാർക്ക് മതിയായ പരിശോധകൾ നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ദിവസവും എത്രമാത്രം സാംപിളുകൾ പരിശോധിക്കുന്നുണ്ടെന്നുള്ള വിവരങ്ങളൊന്നും തെലങ്കാന സർക്കാർ പുറത്തുവിടുന്നില്ല. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിൻ്റ തോത് എന്തുമാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. 3,496 പേർക്ക് തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് സർക്കാർ പുറത്തുവിടുന്ന കണക്ക്. ആവശ്യമായ പരിശോധനങ്ങൾ നടത്തുന്നില്ലെന്ന് കാണിച്ച് തെലങ്കാന സർക്കാരിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഡോക്ടർമാർ. തെലങ്കാനയിലെ മൂന്നു പ്രധാന ആശുപത്രികളിലെ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.
Content highlights: Hyderabad, 79 government doctors test positive for Covid-19 in two weeks