രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 കൊവിഡ് രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വുഹാനെ മറികടന്ന് മുംബെെ

രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,76,583 ആയി ഉയർന്നു. ഇന്നലെ മാത്രം 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണം 7,745 ആയി ഉയർന്നു. 1,33,632 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,35,205 പേർക്ക് രോഗം ഭേദമായി. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്നിരിക്കുകയാണ് മുംബെെ. മുംബെെയിൽ 51, 100 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനേക്കാൽ 700 കൊവിഡ് കേസുകൾ കൂടുതലാണ് മുംബെെയിൽ. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 90,000 കടന്നു.

90,787 പേർക്ക് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 42,638 പേർക്ക് ഇവിടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിൽ 120 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,289 ആയി. തമിഴ്നാട്ടിൽ 34,914 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 307 മരണങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 18,325 പേര്‍ ഇതുവരെ രോഗമുക്തരായി. ഡല്‍ഹി 31,309, ഗുജറാത്ത് 21,014, ഉത്തര്‍പ്രദേശ് 11,335, രാജസ്ഥാന്‍ 11,245 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍. ഐസിഎംആറിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 1,45,216 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 50,61,332 സാംപിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്.

content highlights: COVID-19 Cases Jump To 2,76,583 In India, Nearly 10,000 Recorded In Last 24 Hours