കൊവിഡ് 19 രാജ്യവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിലെ സ്കൂളുകളിലെ അധ്യയന സമയവും, പാഠ്യ പദ്ധതിയും കുറയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. അധ്യായന ദിവസങ്ങൾ 220 ന് പകരം നൂറായി ചുരുക്കണമെന്ന നിർദേശവും മന്ത്രാലയത്തിൻ്റെ പരിഗണനയിലുണ്ട്.
നിലവിലുള്ള സാഹചര്യവും മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭ്യർത്ഥനകൾ പരിഗണിച്ച് സർക്കാർ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.അധ്യാപകർക്കും അക്കാദമിക വിദഗ്ദർക്കും മറ്റും #syllabusforstudents2020 എന്ന ഹാഷ്ടാഗിൽ മാനവശേഷി മന്ത്രാലയത്തിൻ്റെയൊ മന്ത്രിയുടെയോ ട്വിറ്റർ, ഫെയ്സ് ബുക്ക് പേജുകളിൽ നിർദേശങ്ങൾ അറിയിക്കുകയും, അത് പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സിലബസ്സ് വെട്ടിക്കുറയ്ക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നുവെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പാഠ്യപദ്ധതിയും അധ്യായന വർഷവും വെട്ടികുറയ്ക്കുന്നതിൽ അക്കാദമിക് വിദഗ്ദർ വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ എന്നിവരിൽ നിന്നും മന്ത്രി അഭിപ്രായങ്ങൾ തേടുകയുും ചെയ്തു. അടുത്ത വർഷത്തെ ജെഇഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകളുടെ സിലബസ്സിലും മാറ്റം വരുത്തണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപെട്ടിട്ടുണ്ട്.
Content Highlights; school time and syllabus may be reduced in this year