പശുക്കളെ കൊല്ലുന്നത് തടയുന്നതിനായി പുതിയ ഓർഡിനൻസ് പാസാക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് പാസ്സാക്കിയത് ഇനി മുതൽ പശുവിനെ കൊല്ലുന്നവർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെയാണ് തടവ്. തടവിന് പുറമേ 1 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴയും ശിക്ഷയായി ലഭിക്കും.
ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായി പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടു പോകുന്നവർക്കെതിരെയും കേസ് ഉണ്ടാകും. 1955 പശു കശാപ്പ് നിയമം ഭേദഗതി ചെയ്തതാണ് പുതിയ നിയമം. പശു കശാപ്പ് പൂർണ്ണമായി ഇല്ലാതാക്കാനാണ് പുതിയ ഭേദഗതിയെന്ന് യോഗി സർക്കാർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചാൽ അവരുടെ ചിത്രങ്ങൾ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനധികൃതമായി പശുവിനെ കടത്തുകയോ മറ്റോ ചെയ്യുന്നത് പിടിക്കപെട്ടാൽ ആ പശുക്കളുടെ ഒരു വർഷത്തെ പരിപാലന ചിലവും വഹിക്കണം. ഭക്ഷണവും വെള്ളവും നൽകാതെ പശുക്കളെ പട്ടിണിക്കിട്ടാൽ ഒരു വർഷം മുതൽ ഏഴ് വർഷം വരെ കഠിന തടവും ആണ് ശിക്ഷയായി ലഭിക്കുന്നത്. അനധികൃതമായി ബീഫ് കടത്തിയാൽ ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ നടപടി എടുക്കുമെന്നും സർക്കാർ പുറത്തിക്കിയ ഓർഡിനൻസിൽ വ്യക്തമാക്കി.
Content Highlights; Yogi Government passes draft ordinance for cow protection to prevent slaughtering