ഭക്തർക്ക് ശബരിമല ദർശനത്തിന് അനുമതി നൽകിയ ദേവസ്വം ബോർഡ് തീരുമാനത്തെ എതിർത്ത് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് രംഗത്ത്. ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും, ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ആവശ്യപെട്ടു. ഈക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് ദേവസ്വം കമ്മീഷ്ണർക്ക് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് കത്ത് നൽകി.
ഈ സാഹചര്യത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും അതു കൊണ്ടു തന്നെ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും തന്ത്രി കത്തിൽ പറഞ്ഞു. ഉത്സവ ചടങ്ങുകൾ ആരംഭിച്ച ശേഷം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ശബരിമല ക്ഷേത്രവുമായി ബന്ധപെട്ട എല്ലാ ആളുകളും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നും, അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാര പ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് ഭക്തർക്ക് പ്രവേശനം അനുവദിക്കരുതെന്നും തന്ത്രി കത്തിൽ വ്യക്തമാക്കി.
രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഉത്സവം മാറ്റി വെക്കണമെന്നത് പരിഗണിക്കണമെന്നും കത്തിൽ ആവശ്യപെട്ടു. ശബരിമലയിൽ മിഥുന മാസ പൂജകൾക്കായി ജൂൺ 14 ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവുമാണ് നടക്കേണ്ടത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വെർച്ച്വൽ ക്യൂ വഴി പ്രവേശനം അനുവധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Content Highlights; sabarimala thanthri on temple opening