ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശേഷം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

കൊവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു. പോസിറ്റീവായ ആളുകളില്‍ നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷമായിരിക്കും വരുന്നതെന്ന നിര്‍ദേശം വെച്ചത്.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമാകും ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മറ്റ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Content Highlight: Covid test for chartered aircraft passengers: Decision after meeting with the Prime Minister