വന്ദേ ഭാരത് ദൗത്യത്തിലുള്‍പ്പെടെ തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുള്‍പ്പെടെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊവിഡുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുമ്പോഴുള്ള രോഗ വ്യാപന സാധ്യത ഒഴിവാക്കാന്‍ കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടു. നേരത്തെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വന്നവര്‍ക്ക് മാത്രമായിരുന്നു കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. അതുകൊണ്ട് തന്നെ പുതിയ തീരുമാനത്തിനെതിരെ പ്രവാസികള്‍ പ്രതികരിക്കാനാണ് സാധ്യത. എംബസികള്‍ ഇടപെട്ട് വേഗത്തില്‍ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

പല വിദേശരാജ്യങ്ങളിലുമുള്‍പ്പെടെ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കിയതും ടെസ്റ്റുകള്‍ക്ക് എണ്ണായിരത്തിലധികം രൂപ വേണ്ടിവരുമെന്നതും പ്രവാസികളെ വലക്കുന്നുണ്ട്. പലരും ജോലി നഷ്ടപ്പെട്ടാണ് തിരിച്ച് വരാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം റാപ്പിഡ് ടെസ്റ്റുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റ് മതിയെന്നാണ് സംസ്ഥാനം ബദല്‍ നിര്‍ദേശമായി മുന്നോട്ട് വയ്ക്കുന്നത്. ട്രൂനാറ്റ് പരിശോധന എന്ന ദ്രുതപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് മതി എന്നതാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം. ടിബി രോഗം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഈ പരിശോധനയ്ക്ക് പൊതുവേ ചെലവ് കുറവാണ്, പെട്ടെന്ന് ഫലം ലഭിക്കുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. 19-ാം തീയതി രാവിലെ മുതല്‍ വൈകിട്ട് വരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസസമരം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.

Content Highlight: Kerala Government made Covid negative certificates compulsory for those who back from other Nations