രാജ്യത്ത് ഒറ്റ ദിവസം പതിനയ്യായിരത്തിലധികം കൊവിഡ് ബാധിതര്‍; ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 15,413 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നിരിക്കുകയാണ്. 4,10,461 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 13,254 ആയി. ലോകത്ത് കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യക്ക് മുമ്പിലുള്ളത്.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നത്. 2.28 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയതായാണ് കണക്ക്. 55.48 ശതമാനമാണ് രോഗമുക്തി നിരക്ക്. ശനിയാഴ്ച റെക്കോര്‍ഡ് സാമ്പിള്‍ പരിശോധനയാണ് രാജ്യത്ത് നടന്നത്. 1.9 ലക്ഷം സാമ്പിളുകളാണ് ഒറ്റദിവസം പരിശോധിച്ചത്. ആകെ 68,07,226 സാമ്പിളുകളാണ് ആകെ ടെസ്റ്റ് ചെയ്തത്.

Content Highlight: India reports 15,000 more Covid cases within 24 hours