ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് അറസ്റ്റിലായ ജാമിയ മില്ലിയ സര്‍വകലാശാലയില ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം നല്‍കിയത്.
ഉപാധികളോടെയാണ് സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയ്ക്കു പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, എന്നിവയാണ് ഉപാധികള്‍. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ തീവ്രവാദ വിരുദ്ധ നിയമപ്രകാരം സഫൂറ സര്‍ഗറിനെതിരെ കേസെടുത്തു. സഫൂറ ഗര്‍ഭിണിയായതിനാല്‍ മാനുഷിക കാരണങ്ങളാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.
ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗവുമാണ് സഫൂറ. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപത്തില്‍ ഏപ്രിലിലാണ് സഫൂറ അറസ്റ്റിലായത്. 10 വര്‍ഷത്തിനിടെ 39 പേര് തിഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായതു കൊണ്ടുമാത്രം സഫൂറയ്ക്ക് ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. സഫൂറയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
Content Highlight: Jamia Milia student Safoora Zargar gets bail