മംഗളൂരു: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പിപിഇ കിറ്റ് പോലും ധരിക്കാതെ മുന്‍ ആരോഗ്യ മന്ത്രിയും മംഗളൂരു എംഎല്‍എയുമായ യു ടി ഖാദര്‍ കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച മരിച്ച എഴുപതുകാരന്റെ സംസ്‌കാര ചടങ്ങിലായിരുന്നു എംഎല്‍എ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.
മരിച്ചയാളുടെ ബന്ധുക്കള്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച സാഹചര്യത്തിലാണ് എംഎല്‍എയുടെ പ്രവര്‍ത്തി വിവാദമാകുന്നത്. എന്നാല്‍ സംഭവത്തില്‍ ജനങ്ങളുടെ ഭയമകറ്റാനാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. അതേസമയം, പിപിഇ കിറ്റ് ധരിക്കാതെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു.
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുമായി കണ്ട് രോഗം പടരില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം മാന്യമായ രീതിയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ പോലും തയാറാകാത്ത സാഹചര്യത്തിലാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ് രോഗം ഭേദമായവരെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ കുടുംബാംഗങ്ങള്‍ മടി കാണിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ട മുന്‍കരുതലുകളുകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്.
Content Highlight: Karnataka MLA attend funeral of Covid patient without PPE kit