ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ റെംഡെസിവര്‍ മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചു. കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥനങ്ങളിലാണ് മരുന്ന് പരീക്ഷിക്കുന്നത്. 20,000 കുപ്പി മരുന്നുകളുടെ വിതരണമാണ് ആദ്യ ഘട്ടത്തില്‍ കമ്പനി പൂര്‍ത്തിയാക്കിയത്.
റെംഡെസിവര്‍ മരുന്ന് വികസിപ്പിക്കാനും വിപണനം നടത്താനും അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഹെറ്റെറോ എന്ന കമ്പനിയാണ് മരുന്ന് നിര്‍മാതാക്കള്‍. 100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് കമ്പനി ഈടാക്കുന്നത്. അടുത്ത മൂന്ന്, നാല് ആഴ്ച്ചക്കുള്ളില്‍ ഒരു ലക്ഷത്തോളം മരുന്നുകള്‍ ഉദ്പാദിപ്പിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാം ഘട്ടമായാണ് മരുന്ന് അയക്കുന്നത്. ആശുപത്രികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാണ് മരുന്ന് ലഭ്യമാക്കുകയെന്നും ചില്ലറ വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടില്ലെന്നും മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി. മറ്റൊരു മരുന്ന് നിര്‍മാതാക്കളായ സിപ്ലയും റെംഡെസിവിറിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കളായ യുഎസ് ആസ്ഥാനമായ ഗിലിയാഡുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 5000 രൂപയില്‍ താഴെ വിലക്ക് റെംഡെസിവിര്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സിപ്ല അറിയിച്ചു.
Content Highlight: First batch of Covid 19 drug supplied to 5 States