കര്‍ണാടയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. തിങ്കള്‍ മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരുവില്‍ കൂടുതല്‍ ചന്തകള്‍ അടച്ചിടും. കല്ല്യാണ ഹാളുകള്‍ , ഹോസ്റ്റലുകള്‍ അടക്കമുള്ള വലിയ കെട്ടിടങ്ങള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കും. പലചരക്ക് കടകളില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ മൊത്തക്കച്ചവട പച്ചക്കറി മാര്‍ക്കറ്റുകള്‍ സംവിധാനിക്കും.

സംസ്ഥാനത്ത് ഇന്നലെ 918 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം കര്‍ണാടകയില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. ബംഗളൂരു മേഖലയില്‍ മാത്രം 596 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Content Highlight: Karnataka to declare complete lock down on Sundays