എറണാകുളം ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

covid 19 number of contact cases incresing in kochi

എറണാകുളം ജില്ലയില്‍ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 8 പേര്‍ക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്നലെ സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ 8 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. ബ്രോഡ് വെ മാർക്കറ്റിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശ്ശൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സഹപ്രവർത്തകനായ 43 വയസ്സുള്ള പച്ചാളം സ്വദേശിയാണ് ഇന്നലെ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ.

ഈ സ്ഥാപനത്തിനടുത്ത് ഗോഡൌണുള്ളതും ടിഡി റോഡിൽ പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനത്തിലെ വ്യാപാരിയായ 66 വയസ്സുള്ള തോപ്പുംപടി സ്വദേശി, ഇദ്ധേഹത്തിൻ്റെ ഭാര്യ, മകൻ, മരുമകൾ, സ്ഥാപനത്തിലെ ജീവനക്കാരിയായ 22 വയസ്സുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. ആദ്യം രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിയുടെ രണ്ട് സഹപ്രവർത്തകർക്ക് തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായിരുന്നു.

ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും മൂന്ന് വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചു. ബ്രോഡ് വെ മാർക്കറ്റിൽ സമ്പർക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മാർക്കറ്റുകൾ അടച്ചു. ഒപ്പം നഗരസഭയുടെ പതിനൊന്നാം വാർഡായ തോപ്പുംപടിയും കണ്ടെൻ്റ്മെൻ്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 26 പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു.

Content Highlights; covid 19 number of contact cases incresing in kochi