ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാനൊരുങ്ങി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും വിമാന ടിക്കറ്റില്‍ 25% ഇളവ് നല്‍കാന്‍ തീരുമാനിച്ച് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഈ വര്‍ഷം അവസാനം വരെയാണ് നിരക്കില്‍ ഇളവ് നല്‍കുക. ഡോക്ടര്‍മാരും നഴ്‌സുമാരും തങ്ങളുടെ ജോലി സംബന്ധിക്കുന്ന തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രം മതിയെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. പദ്ധതിയെ ഇന്‍ഡിഗോ ‘ടഫ് കുക്കി’ കാമ്പെയ്ന്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഇന്‍ഡിഗോയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് ഉറപ്പാക്കും, 2020 ജൂലൈ 01 മുതല്‍ 2020 ഡിസംബര്‍ 31 വരെ വില്‍പ്പനയ്ക്കും യാത്രയ്ക്കും സാധുതയുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം മെയ് 25 ന് നിരോധിച്ച ആഭ്യന്തര വിമാനസര്‍വീസുകള്‍ രണ്ടാ മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് പുനരാരംഭിച്ചത്.

ജൂലൈ 1 ന് 785 വിമാനങ്ങളില്‍ 71,471 യാത്രക്കാര്‍ സഞ്ചരിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ബുധനാഴ്ച ഒരു വിമാനത്തില്‍ ശരാശരി 91 യാത്രക്കാരുണ്ടായിരുന്നു. സാധാരണയായി ഉപയോഗിക്കുന്ന 180 ഓളം സീറ്റുകളുള്ള എ 320 വിമാനത്തില്‍ ജൂലൈ ഒന്നിന് വെറും 50 ശതമാനം യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Content Highlight: IndiGo To Give 25% Discount On Airfare To Doctors, Nurses Till End Of 2020