എറണാകുളം നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കില്ല; നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൊച്ചി: സമ്പര്‍ക്കം മൂലം ജില്ലകളില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എറണാകുളം നഗരത്തിലും സമാന സാഹചര്യം നിലവിലുണ്ടെങ്കിലും നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. മന്ത്രി വി.എസ്. സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെങ്കിലും ലോക്ക്ഡൗണിലേക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസും പറഞ്ഞിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, എറണാകുളത്തേക്കാള്‍ ഗുരുതരം ആലുവയിലെ സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. ആലുവ, ചമ്പക്കര മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം പൊലീസ് നിശ്ചയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില്ലറ വില്‍പ്പന മാത്രമേ മാര്‍ക്കറ്റില്‍ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് ഇന്ന് പുതിയതായി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കലൂര്‍, കടവന്ത്ര, വരാപ്പുഴ മാര്‍ക്കറ്റുകളിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. ബസ് സ്‌റ്റോപ്പുകളിലും സാമൂഹിക അകലം ഉറപ്പാക്കാന്‍ അതികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Ernakulam will not go for a triple lock down now