ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബെെക്കുകൾ കയറ്റുമതി ചെയ്യുന്ന മാഹാരാഷ്ട്രയിലെ ബജാജ് ഓട്ടോ ഫാക്ടറിയിൽ 250 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. വിവിധ തൊഴിലാളി യൂണിയനുകൾ കമ്പനി പൂട്ടണമെന്ന ആവശ്യവുമായി രംഗത്തുവന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് വലൂജിലുള്ള ഫാക്ടറിയിലാണ് 250 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഫാക്ടറിയിൽ 8000 സ്റ്റാഫിൽ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ജൂൺ 26ന് ബജാജ് അറിയിച്ചിരുന്നു. എന്നാൽ ഫാക്ടറിയുടെ പ്രവർത്തനം നിർത്തില്ല എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ജോലിയ്ക്ക് എത്താത്തവർക്ക് ശമ്പളം നൽകില്ലെന്ന് മനേജ്മെൻ്റ് ജീവനക്കാർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. വെെറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് കമ്പനി ഉപദേശിച്ചുവെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്ക് ഫാക്ടറിയിൽ പോകാൻ ഭയമാണെന്നും ഒരുപാട് പേർ ലീവെടുക്കുന്നുണ്ടെന്നും ബജാജ് ഓട്ടോ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് തെംഗഡെ ബാജിറാവു പറഞ്ഞു.
content highlights: Bajaj Auto unions demand factory halt after 250 workers test COVID-19 positive