വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്ന ട്രംപ് നടപടിക്കെതിരെ യുഎസ് സര്‍വകലാശാലകള്‍

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല അതികൃതര്‍. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകളും കൊളേജുകളും അടച്ചതോടെ പഠനം ഓണ്‍ലൈന്‍ ക്ലാസുകളാക്കി ചുരുക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് തീരുമാനിക്കുകയാണെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകണമെന്ന് കഴിഞ്ഞ ദിവസം യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചിരുന്നു. ഭരണകൂടത്തിന്റെ നിലപാട് ക്രൂരമാണെന്ന് പ്രതികരിച്ചാണ് സര്‍വ്വകലാശാലകള്‍ രംഗത്ത് വന്നത്.

തിങ്കളാഴ്ച്ചയാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, വിസ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ഹാര്‍വഡ് സര്‍വകലാശാലയും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിനിതിരെ കേസ് നല്‍കിയിരിക്കുകയാണ്. വിസ റദ്ദാക്കാനുള്ള നീക്കം ക്രൂരവും നിയമവിരുദ്ധവുമാണെന്നും വിദേശ വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊള്ളുമെന്നും സ്ഥാപനങ്ങള്‍ പരാതിയില്‍ വ്യക്തമാക്കി.

ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഐസിഇ തീരുമാനമെടുത്തതെന്ന് ഹാര്‍വഡ് സര്‍വകലാശാല കുറ്റപ്പെടുത്തി. ഐസിഇ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കരുതുന്നതെന്നും ഹാര്‍വഡ് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു. യുഎസിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ നാടുകടത്തപ്പെടുമെന്നും തിരിച്ചുവരാനാകില്ലെന്നുമുള്ള ഭീതിയിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: US Universities against Trump decision on Visa cancellation of International Students