പൊലീസ് ഏറ്റുമുട്ടല്‍: കൊടുംകുറ്റവാളി വികാസ് ദുബെയ് കൊല്ലപ്പെട്ടു

ലക്‌നൗ: കൊടും കുറ്റവാളി വികാസ് ദുബെയ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ഡിവൈഎസ്പിയടക്കം എട്ട് പൊലീസുകാരെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതിയാണിയാള്‍. ഒളിവിലായിരുന്ന ഇയാള്‍ വ്യാഴാഴ്ച്ചയാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ നിന്ന് പൊലീസ് പിടിയിലാകുന്നത്.

അറസ്റ്റ് രേഖപ്പെടുത്ത് വികാസുമായി മടങ്ങുന്നതിനിടയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം മറിയുകയായിരുന്നു. ഇതേതുടര്‍ന്ന് പരിക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് കാണ്‍പൂര്‍ വെസ്റ്റ് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാര്‍ക്ക് നേരെ പ്രതി വെടിവെച്ചപ്പോള്‍ ആത്മ രക്ഷാര്‍ത്ഥം പ്രതിക്ക് നേരെ പൊലീസ് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ വികാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.

വികാസ് ദുബെയുടെ രണ്ട് അനുയായികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം, കൊലപാതക ശ്രമം എന്നിവയുള്‍പ്പെടെ 60ഓളം കേസൂുകള്‍ ദുബെയുടെ പേരിലുണ്ട്.

Content Highlight: Gangster Vikas Dubey killed in Police Encounter