മൂന്ന് ദിവസം ആഹാരം കിട്ടിയില്ല; ഒഡീഷയിൽ ആദിവാസി യുവതി മരിച്ചു

ലോക്ക് ഡൗൺ മൂലം ആഹാരം കിട്ടാതെ വന്നതിനെ തുടർന്ന് ആദിവാസി യുവതി മരിച്ചു. 46 കാരിയായ ദുഖി ജനി എന്ന യുവതിയാണ് മൂന്ന് ദിവസം ആഹാരം കിട്ടാത്തതിനെതുടർന്ന് വിശന്ന് മരിച്ചത്. ഒഡീഷ നായഗഡ് ജില്ലയിൽ ജൂൺ 24നായിരുന്നു സംഭവം. ഭർത്താവ് ഉപേക്ഷിച്ച്‌ പോയ ജനി ഒറ്റയ്ക്കായിരുന്നു താമസം. സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ ഖാദിയ അധികാർ അഭിമാൻ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സ്വന്തമായി വരുമാനം ഇല്ലാതിരുന്ന ജനി കാടിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പൊതു ഭക്ഷ്യ വിതരണ സംവിധാനത്തിൽ നിന്നുള്ള സബ്സിഡി ഭക്ഷ്യധാന്യങ്ങൾ അവസാനമായി ജനിയ്ക്ക് ലഭിക്കുന്നത് 2018 നവംബറിലാണ്. അവിവാഹിതയായ സ്ത്രീകൾക്കുള്ള പെൻഷനുവേണ്ടി പല തവണ അപേക്ഷിച്ചും ലഭിച്ചില്ല. ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്ന് സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു. ജനിയ്ക്ക് സ്വന്തമായി റേഷൻ കാർഡ് പോലും ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവത്തിൽ ഇതുവരെ അധികൃതർ പ്രതികരിച്ചിട്ടില്ല. 

content highlights: Odisha tribal woman dies of starvation during the lockdown, food rights group alleges