അമേരിക്കയുടെ പരീക്ഷണ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ അമേരിച്ച വികസിപ്പിച്ച പരീക്ഷണ കൊവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് സൂചന. മൊഡേണ ഇന്‍കോര്‍പറേറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

രണ്ട് ഡോസ് വാക്‌സിനാണ് വോളണ്ടിയര്‍മാരില്‍ കുത്തിവെച്ചത്. 45 വോളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവരുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായും കൊവിഡ് ഭേദമായവരുടെ ശരീരത്തില്‍ പ്രകടമാകുന്നതിനെക്കാള്‍ കൂടുതല്‍ ആന്റി വൈറസ് ബോഡികള്‍ മരുന്ന് പരീക്ഷിച്ചവരില്‍ കാണുന്നതായും ഗവേഷക സംഘം അവകാശപ്പെടുന്നു.

വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങളുണ്ടായില്ലെന്നതും വിജയമാണ്. ക്ഷീണം, തലവേദന, ശരീരവേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പകുതിയോളം പേരില്‍ അനുഭവപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഡോസ് വാക്‌സിന്‍ കുത്തിവെച്ചവരില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചപ്പോഴായിരുന്നു ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍. കൊവിഡ്-19നെതിര ലോകത്തു തന്നെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച ആദ്യ വാക്‌സിനാണ് മോഡേണയുടേത്. വൈറസിന്റെ ജനിതകഭാഗം ലഭിച്ച് 66 ദിവസത്തിനു ശേഷം മാര്‍ച്ച് 16നായിരുന്നു വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്.

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിനായി യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ 500 കോടി ഡോളറോളമാണ് മസാച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള മോഡേണയ്ക്ക് നല്‍കുന്നത്. കമ്പനിയുടെ ആദ്യ വാക്‌സിന്‍ കൂടിയാണിത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി വിജയിച്ച് നിര്‍മാണ അനുമതി നേടിയാല്‍ ആദ്യ വര്‍ഷം തന്നെ 50 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. 2021 മുതല്‍ പ്രതിവര്‍ഷം 100 കോടി ഡോസ് വരെയായി നിര്‍മാണശേഷി ഉയര്‍ത്തും.

Content Highlight: Covid vaccine by US shows positive results