ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ശുഭവാര്‍ത്ത; കോവിഡ് വാക്‌സിന്‍ ആദ്യപരീക്ഷണം വിജയം

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടപരീക്ഷണം വിജയം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ സുരക്ഷിതമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വ്യക്തമാക്കി. 1,077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ടാംഘട്ട പരീക്ഷണം ഉടനെന്നും സര്‍വകലാശാല അറിയിച്ചു. പരീക്ഷിച്ചവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചതായും ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും തോത് കൂടിയതായും സര്‍വകലാശാല വ്യക്തമാക്കി.

മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ ഈ വാക്‌സിന്‍ വിജയമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. നിലവില്‍ ബ്രസീലിലെ മനുഷ്യരിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ ഉറപ്പ്.

സെപ്തംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിന്റെ വിലയെക്കുറിച്ച് വ്യക്തതയില്ല.ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളും കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുളള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏഴ് ഇന്ത്യന്‍ കമ്ബനികളാണ് വാക്‌സിന്‍ നിര്‍മാണത്തിലുളളത്. പല കമ്ബനികളുടെയും വാക്‌സിന്‍ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. അധികം വൈകാതെ ഇവ വിപണയിലെത്തും. അമേരിക്കയും വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്.

Content Highlight: Oxford Covid Vaccine trial shows positive response