ചൈനയിലാദ്യമായി പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെട്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ആദ്യം പകച്ച് നില്‍ക്കുകയാണ് ചെയ്തത്. വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിലും അത് എത്രമാത്രം അപകടകാരിയാമെന്ന് കണ്ടെത്താനും വിദഗ്ധര്‍ക്ക് സമയം വേണ്ടിവന്നു. ലഭിച്ച സൂചനകളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ആദ്യം കണ്ടെത്തിയത് കൊവിഡില്‍ നിന്ന് രോഗികള്‍ക്ക് കരകയറാം എന്നതായിരുന്നു. എന്നാല്‍ ഇവരില്‍ വ്യക്തമായ ആന്റിബോഡികള്‍ രൂപപ്പെടുന്നില്ലെന്നത് ഇവരെ കുഴപ്പിച്ചു. പിന്നീട് വളരെ ചുരുക്കം പേരില്‍ മാത്രമാണ് ആന്റിബോഡി സാന്നിധ്യം ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞു. അതിനും ശേഷം, രോഗമുക്തരായവരില്‍ രൂപപ്പെട്ട ആന്റിബോഡി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടുന്നുവെന്ന നിരീക്ഷണത്തിലെത്തി.
ചുരുക്കി പറഞ്ഞാല്‍, പ്ലാസ്മ ചികിത്സയെ കൊവിഡ് പ്രതിരോധത്തിന്റെ മുഖ്യഘടകമായി പരിഗണിക്കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളില്‍ മറ്റ് ഘടകങ്ങളെ പ്രതിരോധത്തിനായി ആശ്രയിക്കേണ്ടി വരുമെന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നത്.
ലോകം മുഴുവന്‍ ആന്റിബോഡി പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്കുമ്പോള്, കൊവിഡ് ബാധിതരില്‍ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും കൂടിയുണ്ടെന്ന് തെളിയുകയാണ്- മനുഷ്യ ശരീരത്തില്‍ വര്‍ഷങ്ങളായി കണ്ടെത്താതെ കിടന്ന വെളുത്ത രക്താണുക്കളാണ് ഇപ്പോള്‍ പ്രാധാന്യം നേടുന്നത്. പൊതുമധ്യത്തില്‍ ഇതേവരെ അത്രകണ്ട് പ്രാധാന്യം ലഭിക്കാതിരുന്ന വെളുത്ത രക്താണുക്കള്‍ കൊവിഡ് പ്രതിരോധത്തില്‍ ഒരു നിര്‍ണായക കണ്ടെത്തലായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഇത് ടി സെല്‍സ് എന്നാണ് അറിയപ്പെടുന്നത്.
എന്താണ് ടി സെല്‍ (T- Cell)?
ഒരുതരം രോഗപ്രതിരോധ കോശമാണ് ടി സെല്ലുകള്‍. ഇതിന്റെ പ്രധാന ലക്ഷ്യം ആക്രമണകാരികളോ, രോഗകാരികളോ ആയ കോശങ്ങളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്. അതിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ് ഇവയെ നീക്കം ചെയ്യുന്നത്. അപകടകാരികളായ കോശങ്ങളെ ഉപരിതലത്തിലെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കാന്‍ ടി സെല്ലുകള്‍ക്ക് കഴിയും. ഓരോ ടി സെല്ലും വ്യത്യസ്തമാണ്. ഈ ഉപരിതല പ്രോട്ടീനുകളുടെ ട്രില്യണ്‍ കണക്കിന് പതിപ്പുകളും ഉണ്ട്, അവ ഓരോന്നിനും വ്യത്യസ്ത ടാര്‍ഗെറ്റ് തിരിച്ചറിയാന്‍ കഴിയും. അണുബാധയ്ക്ക് ശേഷം വര്‍ഷങ്ങളോളം ടി സെല്ലുകള്‍ക്ക് രക്തത്തില്‍ ചുറ്റിക്കറങ്ങാന്‍ കഴിയുന്നതിനാല്‍, അവ രോഗപ്രതിരോധ വ്യവസ്ഥയുടെ ”ദീര്‍ഘകാല മെമ്മറി” സൂക്ഷിക്കുകയും, പണ്ട് ശരീരത്തില്‍ കാണപ്പെട്ടിട്ടുള്ള രോഗകോശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വേഗത്തിലും ഫലപ്രദമായും ടി സെല്ലുകള്‍ പ്രതികരിക്കുകയും ചെയ്യുന്നു.
കൊവിഡ് -19 ബാധിച്ച ആളുകള്‍ക്ക്, രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ പോലും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്ന ടി സെല്ലുകളുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചില ആളുകള്‍ക്ക് കോവിഡ് -19 നെതിരായ ആന്റിബോഡികള്‍ നെഗറ്റീവ് ആണെന്നും വൈറസ് തിരിച്ചറിയാന്‍ കഴിയുന്ന ടി സെല്ലുകള്‍ക്ക് പോസിറ്റീവ് ആണെന്നും ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. രോഗത്തിനെതിരായ പ്രതിരോധശേഷി നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടി സാധാരണമായിരിക്കാമെന്ന സംശയത്തിന് ഇത് കാരണമായി.
മഹാമാരി ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത രക്തസാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചപ്പോള്‍, കോവിഡ് -19 ന്റെ ഉപരിതലത്തില്‍ പ്രോട്ടീനുകള്‍ കണ്ടെത്തുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ടി സെല്ലുകള്‍ കണ്ടെത്തിയിരുന്നു.
അതുകൊണ്ട് തന്നെ ഒരു മനുഷ്യനില്‍ വൈറസ് ബാധിക്കുന്നതിന് മുമ്പ് തന്നെ ടി സെല്ലുകളുടെ പ്രതിരോധം മനുഷ്യ ശരീരത്തിലുണ്ടാകും. 40-60% വരെയുള്ള വ്യക്തികളില്‍ അറിയപ്പെടാത്ത കോശം നിലവിലുണ്ടെന്നാണ് പഠനം.
ടി സെല്ലുകളുടെ പ്രതിരോധ പ്രവര്‍ത്തനം
മിക്ക ആളുകളും ടി സെല്ലുകളെക്കുറിച്ചോ ടി ലിംഫോസൈറ്റുകളെക്കുറിച്ചോ തുടക്കത്തില്‍ ചിന്തിച്ചിട്ടുണ്ടാകില്ല, പക്ഷേ ഇവ നല്കുന്ന പ്രതിരോധശേഷി എത്രത്തോളം നിര്‍ണായകമാണെന്ന് അറിയാന്‍, എയ്ഡ്സിന്റെ അവസാനഘട്ടം നിരീക്ഷിച്ചാല്‍ മതി. മാസങ്ങളോ, വര്‍ഷങ്ങളോ കൊണ്ട്, ശരീരത്തില്‍ കയറിപ്പറ്റുന്ന എച്ച് ഐ വി വൈറസുകളെ ടി സെല്ലുകള്‍ ഇല്ലാതാക്കും. അതിനാല്‍ തന്നെ ആന്റിബോഡികള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ടി സെല്ലുകളെന്ന് നിര്‍വ്വചിക്കാം.
ഒരു സാധാരണ രോഗത്തിന്റെ പ്രതിരോധം സ്വതസിദ്ധമായ രോഗപ്രതിരോധ സംവിധാനമാണ്, അതില്‍ വെളുത്ത രക്താണുക്കളും, രാസ സിഗ്നലുകളും ചേര്‍ന്ന് പ്രതിരോധം തീര്‍ക്കുന്നു. ഇതിലൂടെയാണ് ആന്റിബോഡികളുടെ ഉത്പാദനം ആരംഭിക്കുന്നത്.
അതിനു സമാന്തരമായി, അണുബാധയ്ക്ക് നാലോ അഞ്ചോ ദിവസത്തിന് ശേഷം, ടി സെല്ലുകള്‍ സജീവമാകും, കൂടാതെ വൈറസ് ബാധിച്ച കോശങ്ങളെ അവ പ്രത്യേകമായി തിരിച്ചറിയുന്നുവെന്നതിന്റെ സൂചനകളും ലഭ്യമായി തുടങ്ങും. വൈറസുകള്‍ ശരീരത്തിനുള്ളില്‍ പെരുകുന്നതിന് മുമ്പേ തന്നെ ടി സെല്ലുകളോ, ശരീരത്തിനുള്ളില്‍ തന്നെയുള്ള പ്രതിരോധ വ്യവസ്ഥയോ ഇവയെ ചെറുക്കുകയാണ് പതിവ്.
ഇത് വാക്സിന് കണ്ടുപിടുത്തത്തിലേക്ക് നയിക്കുമോ?
ടി സെല്ലുകള്‍ തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും അവ മനുഷ്യ ശരീരത്തില്‍ വ്യക്തമായ പ്രതിരോധം തീര്ക്കുന്നുവെന്നതിനാല് കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ടി സെല്ലുകള്‍ക്ക് കഴിയുമെന്ന വിലയിരുത്തലാണ് ശാസ്ത്ര ലോകം നല്‍കുന്നത്.
വാക്സിനുകള്‍ രൂപകല്‍പ്പന ചെയ്യുന്ന രീതി ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്ന രോഗപ്രതിരോധ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ചിലത് ആന്റിബോഡികളുടെ ഉല്പാദനത്തെ പ്രേരിപ്പിച്ചേക്കാം – സ്വതന്ത്രമായി ഒഴുകുന്ന പ്രോട്ടീനുകള്‍, അത് ആക്രമണകാരികളായ രോഗകാരികളുമായി ബന്ധിപ്പിക്കാം, കൂടാതെ അവയെ നിര്‍വീര്യമാക്കുകയോ അല്ലെങ്കില്‍ രോഗപ്രതിരോധവ്യവസ്ഥയുടെ മറ്റൊരു ഭാഗത്തെ ടാഗുചെയ്യുകയോ ചെയ്യാം. മറ്റുള്ളവര്‍ ടി സെല്ലുകള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടാം, അല്ലെങ്കില്‍ രോഗപ്രതിരോധവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒരു പ്രതികരണത്തെ പ്രകോപിപ്പിക്കാം.
വാക്സിന് നിര്‍മാണത്തിന് നിരവധി കടമ്പകള്‍ ഉണ്ടെങ്കിലും, രോഗമുക്തരാകുന്നവരുടെ എണ്ണം ഇത്രയധികം ഉയര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ കൊവിഡിനെ പിടിച്ച് കെട്ടാന്‍ തങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയുമെന്ന വിശ്വാസമാണ് ഡോക്ടര്‍മാരും വൈദ്യ ശാസ്ത്രവും പങ്ക് വെക്കുന്നത്. ടി സെല്ലുകളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ വരും കാലത്ത് പുറത്തു വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlight: Scientists found T-Cells from human body which may be crucial in fight against Covid 19