കരസേനയിൽ ഇനി തുല്യ റാങ്കിൽ വനിതകളും; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ

Defence ministry issues formal order granting permanent commission in Army to women officers 

വനിതകൾക്ക് കരസേനയിൽ സ്ഥിര നിയമനം നൽകുന്നതിനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. കരസേനയിലെ 10 വിഭാഗങ്ങളിലെ ഷോർട്ട് സർവീസ് കമ്മിഷനിൽ നിലവിൽ ജോലി ചെയ്യുന്ന വനിതകളെയാണു സ്ഥിര നിയമിക്കുക. സ്ഥിര നിയമനമാകുന്നതോടെ പുരുഷൻമാർക്ക് തുല്യമായ സേവന കാലയളവും റാങ്കുകളും വനിതകൾക്കും ലഭിക്കും. കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകൾക്കു സ്ഥിര നിയമനം നൽകണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

പുതിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേണൽ റാങ്ക് മുതലുള്ള കമാൻഡ് പദവികളിൽ വനിതകളെത്തും. സ്ഥിര നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം പുരുഷൻമാരുടേത് പോലെ സേനാ റാങ്കുകൾക്കനുസരിച്ചായിരിക്കും. ജനറൽ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കൽ പ്രായം 62 ആണ്. 

ആർമി എയർ ഡിഫൻസ്, സിഗ്‌നൽസ്, എൻജിനീയറിങ്, ആർമി ഏവിയേഷൻ, ഇലക്ട്രോണിക്സ്–മെക്കാനിക്കൽ എൻജിനീയറിങ്, ആർമി സർവീസ് കോർ, ആർമി ഓർഡനൻസ് കോർ, ഇൻ്റലിജൻസ് കോർ, ജഡ്ജി–അ‍ഡ്വക്കറ്റ് ജനറൽ, ആർമി എജ്യുക്കേഷനൽ കോർ തുടങ്ങിയ 10 വിഭാഗങ്ങളിലാണ് വനിതകൾക്കു സ്ഥിര നിയമനം ലഭ്യമാക്കുക.  

content highlights: Defence ministry issues formal order granting permanent commission in Army to women officers