വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ സഹായം നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് 8600 രൂപ വീതം ക്വാറൻ്റീൻ ചെലവുകൾക്കും നൽകും. യാത്രചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ചികിത്സാ സഹായത്തിന് സാധുതയുണ്ടാവുക. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം ലഭ്യമാകുന്നതാണ്.
എമിറേറ്റ്സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായാണ് ഈ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.
content highlights: Emirates offers free medical cover for Covid-19