കോട്ടയത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു. 371 പേര് രോഗമുക്തരായി.
ജില്ലയിൽ കൂടുതൽ ഡോക്ടർന്മാർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ രണ്ട് പിജി ഡോക്ടർമാർക്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ജില്ലയിൽ സമ്പർക്ക രോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണവും വർധിക്കുകയാണ്. രോഗം സ്ഥിരീകരിച്ച കോട്ടയം ഡിപ്പോയിലെ കുമരകം സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ ഉറവിടം വ്യക്തമായിട്ടില്ല.
കോട്ടയത്തെ കലക്ടർ, എസ്പി, എഡിഎം എന്നിവർ ഇപ്പോൾ ക്വാറൻ്റീനിലാണ്. കൊവിഡ് ബാധിതൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കലക്ടർ എം.അഞ്ജന, എഡിഎം അനിൽ ഉമ്മൻ എന്നിവർ ക്വാറൻ്റീനിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായ ആളുടെ ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവും ക്വാറൻ്റീനിൽ പ്രവേശിച്ചു. കലക്ടറും എസ്പിയും ഔദ്യോഗിക വസതികളിൽ ഇരുന്നാണ് ചുമതലകൾ വഹിക്കുന്നത്.
content highlights: Kottayam covid cases