ബംഗളൂരു നഗരത്തിലെ 3,338-ഓളം കൊവിഡ്19 ബാധിതരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. ഇത് നഗരത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം വരും. പരിശോധനക്ക് എത്തി തെറ്റായ വിലാസവും ഫോൺ നമ്പറും നൽകിയാണ് ഇവർ അധികൃതരെ കുഴപ്പിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവായ കുറച്ച് പേരെ പോലീസിൻ്റെ സഹായത്തോടെ കണ്ടെത്താനായങ്കിലും 3338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുൻസിപ്പൽ കമ്മിഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.
പരിശോധനയ്‌ക്കെത്തിയ മിക്കവരും തെറ്റായ ഫോൺ നമ്പറും മേൽവിലാസവുമാണ് നൽകിയതെന്നും, പരിശോധനാ ഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനാഫലം പോസിറ്റീവായവർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിൽ 11,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കർണാടക സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്.
ഈ സാഹചര്യത്തില്‍ രോഗികളിൽ നിന്ന് മേല്‍വിലാസം ചോദിച്ച് എഴുതിയെടുക്കുന്ന പതിവ് അവസാനിപ്പിച്ച് ഗവണ്മെന്റ് നൽകുന്ന അഡ്രസ്സ് പ്രൂഫുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് എഴുതിയെടുക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കൈമാറി. അവർ നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ, അപ്പോൾ തന്നെ വിളിച്ച് ഫോൺ കയ്യിൽ ഉണ്ടെന്ന് ഉറപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Content Highlights; over 3300 corona virus patients go missing in bengaluru