കഴിഞ്ഞ ഫെബ്രുവരി മാസം വരെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നീണ്ട ക്യൂവില്‍ തിക്കിയും തിരക്കിയും നിന്നിരുന്ന പൊതു ജനത്തെ വെറും കുറച്ച് ദിവസങ്ങള്‍ കൊണ്ടാണ് കൊവിഡ് അകറ്റിയത്. ഇപ്പഴും ക്യൂവിന്റെ നീണ്ട നിരയില്‍ മാറ്റം വന്നിട്ടില്ലെങ്കിലും, നില്പ്പില് മാറ്റം വന്നു. പോക്കറ്റുകളിലും കൈയിലും സാനിറ്റൈസറുമായി 2 മീറ്റര്‍ അകലം പാലിച്ച് നില്‍ക്കാമെന്നുള്ള പുതിയ രീതി നമ്മള് പഠിച്ചു കഴിഞ്ഞു. പഴയ രീതിയില്‍ നിന്ന് വിപരീതമായി ഇപ്പോഴേ മാറി തുടങ്ങിയിരിക്കുന്ന കച്ചവട-വ്യാപാര രീതികളുടെ ഭാവിയിലും ഒരു അഴിച്ചു പണി പ്രതിക്ഷിക്കേണ്ടതുണ്ട്.
സാമൂഹ്യ അകലം ഉറപ്പാക്കി ജനങ്ങള്‍ക്ക് സാധന-സേവനങ്ങള്‍ എങ്ങനെ എത്തിക്കാമെന്ന ചിന്ത എല്ലാ രാജ്യങ്ങളും ഇതിനോടകം ആലോചിച്ച് കഴിഞ്ഞു. പലരും സഞ്ചരിക്കുന്ന മൊബൈല്‍ ഷോപ്പുകള്‍ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിലടക്കം ആരംഭിക്കുകയും ചെയ്തു. പകുതി തുറക്കാവുന്ന തരത്തിലുള്ള എയര്‍ ട്രക്കുകളാണ് വിദേശ രാജ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ കയറി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണ സാധനങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വാഹനങ്ങളിലെത്തിക്കുന്ന പലചരക്ക് വസ്തുക്കളടക്കം വീട്ടു മുറ്റത്ത് എത്തിക്കുന്ന രീതിയില്‍ അതിശയം ഉണ്ടാവാന്‍ സാധ്യതയില്ല.
പുതിയ സാധ്യതയെ ഒരു ബിസിനസ്സാക്കി മാറ്റാനും ചില വിദേശ കമ്പനികള്‍ ആലോചിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ഇതൊരു സേവനമാണെങ്കില്‍ എന്തു കൊണ്ട് ഇത് തുടര്‍ന്നു കൂടാ എന്നതാണ് ‘മാര്‍ക്കറ്റ് ഓണ്‍ വീല്‍സ്’ സേവനം ആരംഭിച്ച കനേഡിയന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ ഗ്രോസറി നെയ്ബറി (Grocery Neighbor) ന്റെ ആലോചന.
കാലം മാറി കൊണ്ടിരിക്കുകയാണ്, ലോകവും പ്രശ്നത്തിലാണ്, എന്നാല്‍ അതിനൊപ്പം പുതിയ അവസരങ്ങള്‍ വന്നു ചേരുന്നുവെന്ന് ഗ്രോസറി നെയ്ബറിന്റെ സിഇഒ പറയുന്നു.
രണ്ട് അറ്റത്തവും തുറന്നിരിക്കുന്ന ട്രക്കിന്റെ ഒരു വശത്തു കീടി ആളുകള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാം. ഷോപ്പര്‍മാര്‍ക്ക് പുറകില്‍ നിന്ന് പ്രവേശിച്ച് മുന്നിലൂടെ പുറത്തുകടക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു സമയം പരമാവധി അഞ്ച് ഉപഭോക്താക്കളെ മാത്രം വാഹനത്തില്‍ കയറ്റി, അഞ്ച് മിനിറ്റ് വീതം മാത്രം അനുവദിക്കുന്നു. വാഹനത്തിനുള്ളില്‍ ഒരാള്‍ക്ക് മാത്രം നില്ക്കാന് കഴിയുന്ന വീതി ഉള്ളതിനാല്‍, സാമൂഹിക അകല പാലനം ഉറപ്പാണ്. കൂടാതെ, ഒരാളുടെ മുമ്പിലും പുറകിലും ട്രോളിയുമായി വരിവരിയായി നീങ്ങുന്നതിനാല്‍ ഒരാള്‍ മനപൂര്‍വ്വം സ്പര്ശി്കകാന് ശ്രമിച്ചാല്‍ പോലും സാധിക്കില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഉപഭോക്താക്കള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അണുനശീകരണം നടത്തുന്നതിനാല്‍ രോഗ വ്യാപന ഭീതിയും ഒഴിവാക്കാം.
ഉപഭോക്താക്കള്‍ ആരെല്ലാം?
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും, ബദല്‍ സംവിധാനങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുന്ന മാര്‍ക്കറ്റിന് എന്ത് പ്രസക്തിയുണ്ടാകുമെന്നതാണ് വിദഗ്ധര്‍ പങ്കു വെക്കുന്ന ആശങ്ക. കൊവിഡ് 19 കാലത്ത് പ്രത്യേകിച്ചും റെസ്റ്ററന്റുകളടക്കം വീട്ടു പടിക്കല്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍കൈ എടുത്തിരുന്നു. കൂടാതെ, ആമസോണ്‍, ഇന്‍സ്റ്റാകാര്‍ട്ട് പോലുള്ളവയും ജന സേവനത്തിനായി മുന്നിട്ടിറങ്ങിയിരുന്നു.
എന്നാല്‍, ജനങ്ങള്‍ക്കിയില്‍ അത്രയേറെ പ്രചാരമുള്ള രീതിയില്‍ പുതുമ പരീക്ഷിക്കുന്ന രീതിയാണ് മാര്‍ക്കറ്റ് ഓണ്‍ വീല്‍സിലൂടെ കൊണ്ടുവരുന്നത്.
മറ്റൊരാലുടെ ശാരിരീക സാമീപ്യം തീര്‍ത്തും ഒഴിവാക്കിയാണ് മാര്‍ക്കറ്റ് ഓണ്‍ വീല്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നത്. കൂടാതെ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് നേരിട്ട് നോക്കി എടുക്കുന്നതു പോലെ തന്നെ വാഹനത്തിനുള്ളില്‍ നിന്ന് വേണ്ട ബ്രാന്റും അളവും സ്വയം നോക്കി എടുക്കാമെന്നതും ഈ രീതി വിജയകരമാക്കും. അതോടൊപ്പം സാധനങ്ങള്‍ വീട്ടു പടിക്കലെത്തുകയും, കൊവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുകയും ചെയ്യാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന ഈ കാലത്ത് ബിസിനസ്സ് എന്നതിലുപരി ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരേ പോലെ സഹായകമാകുന്നതാണ് സഞ്ചരിക്കുന്ന ഇത്തരം മാര്‍ക്കറ്റുകള്‍.
കാലത്തിനനുസരിച്ച് മാറണമെന്നതിനെക്കാള് ഇന്ന് നമ്മള് സാഹചര്യത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. നീണ്ട നിരയില്‍ നിന്നും, വാഹനങ്ങളില്‍ യാത്ര ചെയ്തും ശീലിച്ച നമ്മുടെ സമൂഹത്തില്‍ ഇന്ന് അതൊന്നും പ്രാവര്‍ത്തികമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഓരോ മാറ്റവും ഇന്നത്തെ സമൂഹം സ്വീകരിച്ചു കഴിഞ്ഞു.
Content Highlight: New method of goods delivering- Market on Wheels shows Covid time effect