മുംബെെ ചേരികളിൽ 57% ആളുകൾക്ക് കൊവിഡ് ബാധിച്ചിരുന്നു; നഗരത്തിൽ ബാധിച്ചത് 16% ആളുകൾക്ക്; പഠനം

Mumbai Survey Finds 57% Have Had COVID-19 In Slums, 16% In Other Areas

മുംബെെ നഗരത്തിൽ 16 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പുതിയ പഠനം. നഗരത്തിലെ ചേരികളിൽ 57 ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നും പഠനം പറയുന്നു. മുംബെെയിൽ 7000 പേരിൽ നടത്തിയ സെറോളജിക്കൽ സർവെെലൻസ് പരിശോധനകളിലൂടെയാണ് നഗരത്തിൽ ആറിൽ ഒരാൾക്ക് രോഗം ബാധിച്ചിരുന്നതായി കണ്ടെത്തിയത്. 

ജൂലെെ ആദ്യ രണ്ട് ആഴ്ചകളിലായാണ് സർവേ നടത്തിയത്. നിതി അയോഗ്, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബെെ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ച് എന്നിവ ചേർന്നാണ് പഠനം നടത്തിയത്. പൊതുജനങ്ങളിൽ  ആൻ്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നറിയാൻ രക്തസാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. കൊവിഡ് രോഗം വന്ന് മാറിയവരിൽ ഉണ്ടായിരിക്കേണ്ട ആൻ്റിബോഡി തിരിച്ചറിഞ്ഞാണ് രോഗം എത്ര പേരിൽ വന്നുപോയെന്ന് പരിശോധിച്ചത്.

സ്ത്രീകളിലാണ് കൊറോണ വെെറസ് ആൻ്റിബോഡിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടതെന്ന് പഠനം പറയുന്നു. സമൂഹത്തിൽ കൊവിഡിനെതിരായ രോഗപ്രതിരോധം വളുരുന്നുണ്ടോയെന്ന് കണ്ടെത്താനാണ് സർവേ നടത്തിയത്. മുംബെെയിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് മരണങ്ങളുടെ 7 ശതമാനവും മുംബെെയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

content highlights: Mumbai Survey Finds 57% Have Had COVID-19 In Slums, 16% In Other Areas