പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ചെക്കപോസ്റ്റുകളില്‍ ഡ്യൂട്ടി; കൊവിഡ് ഭീതിയില്‍ പൊലീസുകാര്‍

തൊടുപുഴ: കൊവിഡ് വ്യാപന ഭീക്ഷണിയില്‍ തുടരുന്ന സംസ്ഥാനത്ത് അതിര്‍ത്തി ജില്ലകളില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിലും ഡ്രൈവര്‍മാരിലും മാത്രം പരിശോധന ഒതുക്കി സംസ്ഥാന സര്‍ക്കാര്‍. ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടുന്ന പൊലീസുകാര്‍ക്ക് ഇതേ സേവനം ലഭ്യമാക്കാത്തതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് ഒരു കൂട്ടം പൊലീസുകാര്‍. ചെക്ക്‌പോസ്റ്റിലെ ഡ്യൂട്ടിക്ക് ശേഷം പരിശോധനയോ, നിരീക്ഷണമോ ഇല്ലാതെ മറ്റിടങ്ങളിലും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് ഇവര്‍.

ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ അവിടുത്തെ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെയും, ചരക്കുലോറികളിലുള്ളവരെയും പരിശോധിക്കുകയാണ് ഇവരുടെ ചുമതല. എന്നാല്‍ ആ ഡ്യൂട്ടി കഴിയുമ്പോള്‍ പരിശോധനയോ, നിരീക്ഷണമോ ഒന്നുമില്ല. കഴിഞ്ഞദിവസം കമ്പംമെട്ടിലൂടെ ചരക്കുലോറിയില്‍ വന്നയാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പൊലീസുകാരന്‍ ഇപ്പോഴും മറ്റൊരിടത്ത് ഡ്യൂട്ടിയിലാണ്.

സംസ്ഥാനത്ത് ഇതിനോടകം തന്നെ വിവിധ ജില്ലകളിലെ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡ്യൂട്ടിലുള്ള പൊലീസുകാരുടെ എണ്ണവും പരിമിതമാണ്. രോഗലക്ഷണം കാണിച്ചാല്‍ മാത്രം നിരീക്ഷണത്തില്‍ പോയാല്‍ മതിയെന്ന നിലപാടിലാണ് അധികൃതര്‍. ഇതിനിടെ, ആരോഗ്യ വകുപ്പിന്റെ അധിക ജോലിഭാരം കൂടി പൊലീസുകാരെ ഏല്‍പ്പിച്ച നടപടിയിലും അമര്‍ഷത്തിലാണ് പൊലീസ് സേന. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

Content Highlight: Checkpost duty of Police officers without Covid test in concern