രണ്ടാം ദിനവും 60,000 കടന്ന് രോഗബാധ; 933 മരണം, ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് കേസുകള്‍ 60,000 കടന്നു. 61,537 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 933 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 20,88,61 ആയി ഉയര്‍ന്നു. നിലവില്‍ 6,19,088 പേരാണ് രോഗബാധ മൂലം വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 14,27,006 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 42,518 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ പൊലിഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്ത് 2,33,87,171 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 5,98,778 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 68.32 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.

Content Highlight: Covid cases in India exceeds over 60,000 on the second day